Saturday, 29 August 2009

മരിച്ചവരോട് പ്രാര്‍ത്ഥിക്കുന്നത് തെറ്റോ?

ഒരാളുടെ മരണശേഷം അന്ത്യവിധി വരെ മരിച്ചവര്‍ നിദ്രയിലാണെന്നും, അതുകൊണ്ട് മരിച്ചവരോട് പ്രാര്‍ത്ഥിക്കുന്നതു കൊണ്ടു പ്രയോജനമില്ലെന്നുമാണ് പെന്തക്കോസ്തുകാര്‍ വാദിക്കുന്നത്. ഇവരുടെ വാദം ശരിയെങ്കില്‍ പരി. മറിയത്തോടും, അപ്പസ്‌തോലന്മാരോടും, രക്തസാക്ഷികളോടുമൊന്നും പ്രാര്‍ത്ഥിക്കുന്നതിനു അടിസ്ഥാനമില്ല.

എന്നാല്‍ വി. ഗ്രന്ഥം മരിച്ചുപോയ വിശുദ്ധരെക്കുറിച്ച് വളരെ വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. പഴയനിയമ ഗ്രന്ഥത്തില്‍ ഹെനോക്കു ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. (ഉല്പ 5 : 24) ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നു 'വിശ്വാസം മൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടതുമില്ല.' (ഹെബ്രാ 11 : 5)

ഏലിയാ പ്രവാചകന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുന്ന സംഭവം 2 രാജാ 2 : 11 ല്‍ വിവരിക്കുന്നുണ്ട്. മോശയുടെ മരണശേഷം അദ്ദേഹത്തെ സംസ്‌ക്കരിക്കുന്നതായി നിയമാവര്‍ത്തനം 34 : 5-8 ല്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെടുന്നതായി പഴയനിയമഗ്രന്ഥത്തില്‍ ഒരിടത്തും കാണുന്നില്ല. എന്നാല്‍ യൂദാശ്ലീഹായുടെ ലേഖനത്തില്‍ മോശെയുടെ ശരീരത്തെച്ചൊല്ലി മിഖായേല്‍ മാലാഖയും, സാത്താനും തര്‍ക്കിക്കുന്നതായും മിഖായേല്‍ മാലാഖ മോശയുടെ ശരീരം ദൈവസന്നിധിയിലേയ്ക്ക് കൊണ്ടുപോകുന്നതായി പരാമര്‍ശിക്കുന്നുണ്ട്. (യൂദാ 1 : 9-10)

ലൂക്കായുടെ സുവിശേഷം 9 : 30 ല്‍ ഏലിയായും മോശയും ഈശോയുടെ രൂപാന്തരീകരണ വേളയില്‍ പ്രത്യക്ഷപ്പെടുന്നതായും ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട അവിടുത്തെ കടന്നുപോകലിനെക്കുറിച്ച് സംസാരിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈശോ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കുമെന്ന് (യോഹ 5 : 21) ല്‍ അരുളിച്ചെയ്തിട്ടുണ്ട്. 'പിതാവ് മരിച്ചവരെ എഴുന്നേല്‍പ്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെ തന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവന്‍ നല്‍കുന്നു.' വീണ്ടും യോഹ 6 : 51 ല്‍ അവിടുന്ന് പറയുന്നു 'സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും' ലൂക്കാ 20 : 37-38 ല്‍ ഈശോ പറയുന്നു 'മോശ പോലും മുള്‍പ്പടര്‍പ്പിങ്കല്‍ വെച്ചു കര്‍ത്താവിനെ അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്ന് കാണിച്ചുതന്നിട്ടുണ്ട്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേയ്ക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ'

മത്തായിയുടെ സുവിശേഷത്തില്‍ ഈശോയുടെ കുരിശുമരണ സമയത്ത് നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുദ്ധാനത്തിനു ശേഷം, അവര്‍ ശവകുടീരങ്ങളില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.' (മത്തായി 27 : 52-53)

എന്താണ് ഈ വചനങ്ങളിലൂടെ വ്യക്തമാകുന്നത് : നാം മരിച്ചുപോയവര്‍ എന്നു വിളിക്കുന്ന വിശുദ്ധര്‍ ദൈവസന്നിധിയില്‍ ജീവിച്ചിരിക്കുന്നുവെന്നല്ലേ?

ഇനി ഇവരോട് പ്രാര്‍ത്ഥിച്ചാല്‍ ഇവര്‍ കേള്‍ക്കുമോ? എന്ന ചോദ്യത്തിനുള്ള ഉത്തരത്തെക്കുറിച്ച് നോക്കാം.

(മത്തായി 27 : 52-53) ല്‍ ഉത്ഥാനം ചെയ്യ്തവര്‍ പലര്‍ക്കും പ്രത്യക്ഷപ്പെട്ടതായി പറയുന്നുണ്ട് 'നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുദ്ധാനത്തിനു ശേഷം, അവര്‍ ശവകുടീരങ്ങളില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.'

ലൂക്കായുടെ സുവിശേഷത്തില്‍ ഈശോ പുനരുത്ഥാനം ചെയ്യ്തവരുടെ പ്രത്യേകത എന്താണെന്ന് വ്യക്തമാക്കുന്നുണ്ട് 'പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്' (ലൂക്കാ 20 : 36)

ലൂക്കായുടെ സുവിശേഷം 9 : 30 ല്‍ ഏലിയായും മോശയും ഈശോയുടെ രൂപാന്തരീകരണ വേളയില്‍ പ്രത്യക്ഷപ്പെടുന്നതായും ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട അവിടുത്തെ കടന്നുപോകലിനെക്കുറിച്ച് സംസാരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

1 സാമുവല്‍ 28 : 3-19 ല്‍ സാവൂള്‍ മരിച്ചുപോയ സാമുവേല്‍ പ്രവാചകനെ ഒരു മന്ത്രവാദിനിയുടെ സഹായത്താല്‍ വിളിച്ചുവരുത്തുന്നതായും, അദ്ദേഹവുമായി സംസാരിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദുര്‍മന്ത്രവാദിനിയ്ക്കും, സാവൂളിനും ദൈവസന്നിധിയിലായിരിക്കുന്ന സാമുവേല്‍ പ്രവാചകനോട് സംസാരിക്കാമെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന വിശുദ്ധര്‍ കേള്‍ക്കുകയില്ലായെന്ന് എങ്ങനെ പറയാനാവും.

ജറെമിയാ പ്രവാചകന്റെ പുസ്തകം 15 : 1 ല്‍ പറയുന്നു 'കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു : മോശയും സാമുവലും എന്റെ മുമ്പില്‍ നിന്നു യാചിച്ചാല്‍ പോലും ഈ ജനത്തിന്റെ നേര്‍ക്കു ഞാന്‍ കരുണ കാണിക്കുകയില്ല. എന്റെ മുമ്പില്‍ നിന്നു അവരെ പറഞ്ഞയയ്ക്കുക; അവര്‍ പോകട്ടെ.'

മോശയ്ക്കും, സാമുവലിനും ദൈവസന്നിധിയില്‍ യാചിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അവര്‍ ഇപ്രകാരം ചെയ്യാറുണ്ടെന്നുമല്ലേ ഈ വചനത്തില്‍ നിന്നും വ്യക്തമാകുന്നത്.

ഈ സംഭവങ്ങളില്‍ നിന്നും എന്താണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്?1) മരിച്ചുപോയ വിശുദ്ധര്‍ ദൈവസന്നിധിയില്‍ ജീവിക്കുന്നു.2) അവര്‍ക്ക് മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കും3) അവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി സംസാരിക്കാന്‍ സാധിക്കും4) അവര്‍ക്ക് ദൈവസന്നിധിയില്‍ നമ്മുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കാന്‍ സാധിക്കും

മഹിമയണിഞ്ഞ വിശുദ്ധര്‍ ഇപ്പോഴും നിദ്രയിലാണെന്നു പറയുകയും, അവരോട് പ്രാര്‍ത്ഥിച്ചിട്ടു പ്രയോജനമില്ലെന്നു വാദിയ്ക്കുകയും ചെയ്യുന്നവരെക്കുറിച്ച് വി. ഗ്രന്ഥം വ്യക്തമായ മുന്നറിയിപ്പു തരുന്നുണ്ട് യൂദാശ്ലീഹായുടെ ലേഖനത്തില്‍ ശ്ലീഹാ പറയുന്നു 'സ്വപ്‌നങ്ങളില്‍ നിമഗ്നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു' (യൂദാ 1 : 8)




Tuesday, 25 August 2009

മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് തെറ്റോ? (ഭാഗം 2)


മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു വാദമാണ് ബൈബിളില്‍ എവിടെയും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നുള്ളത്. ഈ വാദം ഉന്നയിക്കുന്നവര്‍ വി. ഗ്രന്ഥം ശരിയായി വായിച്ചിട്ടില്ലെന്നുവേണം മനസ്സിലാക്കുവാന്‍.

അപ്പസ്‌തോല പ്രവര്‍ത്തനം 9 (36-41) ല്‍ പത്രോസ് ശ്ലീഹാ തബിത്താ എന്ന സ്ത്രീയെ ഉയര്‍പ്പിക്കുന്ന സംഭവം വിവരിക്കുന്നുണ്ട്. ''യോപ്പായില്‍ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാന്‍പേട എന്നാണ് അര്‍ഥം. സത്കൃത്യങ്ങളിലും ദാനധര്‍മങ്ങളിലും അവള്‍ സമ്പന്നയായിരുന്നു. ആയിടെ അവള്‍ രോഗം പിടിപെട്ടു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു മുകളിലത്തെനിലയില്‍ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്. പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യന്‍മാര്‍ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു. സ്ഥലത്തെത്തിയപ്പോള്‍ അവനെ മുകളിലത്തെനിലയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ നിര്‍മിച്ചവസ്ത്രങ്ങളും മേലങ്കികളും അവര്‍ അവനെ കാണിച്ചു. പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാര്‍ഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേല്‍ക്കൂ. അവള്‍ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. അവന്‍ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏല്‍പിച്ചു.'' നടപടി (9:36-41)

ഇവിടെ പത്രോസ് ശ്ലീഹാ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതായി തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. എന്താണ് അദ്ദേഹം പ്രാര്‍ത്ഥിച്ചതെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹം മൃതശരീരത്തിന്റെ സമീപം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതായി വ്യക്തമാക്കുന്നുണ്ട്. അതു തീര്‍ച്ചയായും തബീത്തയെ ഉയിര്‍പ്പിക്കുന്നതിനു വേണ്ടിയായിരുന്നൂവെന്ന് വ്യക്തം. നാം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു അവരുടെ പുനരുത്ഥാനത്തിനുവേണ്ടിയും, അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുന്നതിനു വേണ്ടിയുമാണ്.

രാജാക്കന്മാരുടെ പുസ്തകത്തില്‍ ഏലിയാ പ്രവാചകന്‍ സറേഫാത്തിലെ വിധവയുടെ മകന്‍ മരിച്ചപ്പോള്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ''ആ ഗൃഹനായികയുടെ മകന്‍ ഒരുദിവസം രോഗബാധിതനായി; രോഗം മൂര്‍ഛിച്ച് ശ്വാസം നിലച്ചു. അവള്‍ ഏലിയായോടു പറഞ്ഞു: ദൈവപുരുഷാ, എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത്? എന്റെ പാപങ്ങള്‍ അനുസ്മരിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമാണോ അങ്ങ് ഇവിടെ വന്നത്? ഏലിയാ പ്രതിവചിച്ചു: നിന്റെ മകനെ ഇങ്ങു തരുക. അവനെ അവളുടെ മടിയില്‍നിന്നെടുത്ത് ഏലിയാ താന്‍ പാര്‍ക്കുന്ന മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി. അനന്തരം, അവന്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, എനിക്ക് ഇടം തന്നവളാണ് ഈ വിധവ. അവളുടെ മകന്റെ ജീവന്‍ എടുത്തുകൊണ്ട് അവിടുന്ന് അവളെ പീഡിപ്പിക്കുകയാണോ? പിന്നീട് അവന്‍ ബാലന്റെ മേല്‍ മൂന്നുപ്രാവശ്യം കിടന്ന്, കര്‍ത്താവിനോടപേക്ഷിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, ഇവന്റെ ജീവന്‍ തിരികെക്കൊടുക്കണമേ! കര്‍ത്താവ് ഏലിയായുടെ അപേക്ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു. ഏലിയാ ബാലനെ മുകളിലത്തെ മുറിയില്‍നിന്നു താഴെ കൊണ്ടുവന്ന് അമ്മയെ ഏല്‍പിച്ചുകൊണ്ട് ഇതാ നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞു'' (1 രാജാ 17: 17-23)
ഈ രണ്ടു സംഭവങ്ങളിലും മരിച്ചുപോയ വ്യക്തികള്‍ക്കുവേണ്ടി കര്‍ത്താവിന്റെ പ്രിയപ്പെട്ടവര്‍ പ്രാര്‍ത്ഥിക്കുകയും, അവര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുകയും ചെയ്യ്തു. മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട് ഒരു കാര്യവുമില്ലാ എന്ന പെന്തക്കോസ്തുകാരുടെ വാദമാണ് സത്യമെങ്കില്‍ ഇവര്‍ മരിച്ചുപോയവര്‍ക്കുവേണ്്ടി പ്രാര്‍ത്ഥിക്കുകയോ അഥവാ പ്രാര്‍ത്ഥിച്ചാല്‍തന്നെ അവര്‍ ജീവന്‍ പ്രാപിക്കുകയോ ചെയ്യുകയില്ലായിരുന്നു. പക്ഷേ ദൈവം മരിച്ചവര്‍ക്കുവേണ്്ടിയുള്ള പ്രാര്‍ത്ഥന സ്വീകരിക്കുകയും അവരെ ജീവിപ്പിക്കുകയും ചെയ്യ്തു.

ഈശോ ലാസറിനെ ഉയര്‍പ്പിച്ചത് ലാസര്‍ സംസ്‌ക്കരിക്കപ്പെട്ടതിന്റെ നാലാം ദിവസമാണ്. ലാസറിന്റെ കല്ലറയ്ക്ക് മുമ്പില്‍ യേശു പ്രാര്‍ത്ഥിക്കുന്നതായി വി. യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (യോഹ 11 : 451-42) ഇവിടെ യേശു പ്രാര്‍ത്ഥിക്കുന്നത് ലാസറിന്റെ ഉയിര്‍പ്പിനുവേണ്ടിയാണ്. നാമും നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി അവരുടെ കല്ലറയ്ക്കു മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് അവരുടെ പുനരുത്ഥാനത്തിനുവേണ്ടിയും, അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുന്നതിനു വേണ്ടിയാണ്. ഇതു തെറ്റാണെന്നു പറയുന്നവര്‍ ക്രിസ്തുവിന്റെ ശിഷ്യന്മാരായി വ്യാജവേഷം കെട്ടിയവരാണെന്ന് ഉറപ്പാണ്.

മരിച്ചവര്‍ ദൈവത്തിന്റെ മുമ്പില്‍ ജീവിച്ചിരിക്കുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഈശോ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ''മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട് അരുളിച്ചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്. അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.'' (മര്‍ക്കോ 12 : 26-27) ദൈവതിരുസന്നിധിയില്‍ ജീവിച്ചിരിക്കുന്ന മരിച്ചവര്‍ക്കുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്.
മരിച്ചവര്‍ക്കുവേണ്ടി സ്‌നാനം സ്വീകരിക്കുന്നതിനെപ്പറ്റി പൗലോസ് ശ്ലീഹാ 1 കോറി 15: 29-30 ല്‍ പരാമര്‍ശിക്കുന്നുണ്ട്. മരിച്ചവര്‍ക്കുവേണ്ടി സ്‌നാനം ഏല്ക്കാം, പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നു പറയുന്നത് എത്രവലിയ വിഢിത്തമാണ്!.