Friday 3 June 2016

ശിശുക്കള് സ്നാനത്തിനു അ൪ഹരല്ലേ??

വി മത്തായി 21 (15-16) "അവന്‍ ചെയ്ത വിസ്മയകരമായ പ്രവൃത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന് ഉദ്‌ഘോഷിച്ച് ദേവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്ഞരും രോഷാകുലരായി. അവര്‍ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന് നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്തുതി ഒരുക്കി എന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?"

പെന്തെകോസ്തു പ്രസ്ഥാനങ്ങള്‍ വചന വിരുദ്ധമായി പഠിപ്പിക്കുന്നത്‌ കുടുംബത്തില്‍ രക്ഷഷപ്രവിക്കുന്നവര്‍ മുതി൪ന്നവര്‍ മാത്രം !!
അക്ഷരങ്ങളില്‍ തൂങ്ങി മാത്രം വചനം വ്യാക്യാനിക്കുന്ന ഇവ൪ എന്തേ ചില കാര്യത്തില്‍ അത് ഒഴിവാക്കുന്നു, വിശ്വസിച്ചു സ്നാനം എന്ന് അക്ഷരങ്ങളില്‍ തൂങ്ങി നിങ്ങള്‍ പറയുന്ന ഈ വചനം (വി മര്‍ക്കോസ്16;16) ഇതിനു ശേഷം ബൈബിളില്‍ അതിനു താഴെ കുറച്ചു വചനങ്ങള്‍ കൂടി ഉണ്ടായിരുന്നിട്ടും എന്തേ അത് കണ്ടില്ലാ എന്ന് നടിക്കുനത് ??

വിശ്വസിച്ച് സ്നാനം സ്വീകരിക്കണമെന്ന് വാദിക്കുന്നവര്‍ ശിശുസ്നാനത്തെ എതിര്‍ ക്കാന്‍ വേണ്ടി പറയുന്ന കാര്യം മാത്രമാണിത്. കാരണം , വചനത്തെ ശരിയായി മനസ്സിലാക്കാതെ ഇത്തരം വാദമുന്നയിക്കുന്നവരോട് ഒരു ചെറിയ ചോദ്യം : ഒരാള്‍ വിശ്വാസിയാണോ എന്ന് നിങ്ങള്‍ എങ്ങനെ അറിയും ? ഉത്തരം ബൈബിളിലുണ്ട്. ഈ വചനത്തില്‍ യേശു അതു വ്യക്തമാക്കിയിരിക്കുന്നു."വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും . അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും " ( വി മര്‍ക്കോസ് 16: 17-18).
ഈ അടയാളങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണോ നിങ്ങള്‍ മക്കള്‍ക്ക് സ്നാനം കൊടുക്കുന്നത്? പാമ്പിന്‍ കൂട്ടില്‍ ഇട്ടിട്ടും ഒന്നും സം ഭവിക്കുന്നില്ലെന്നു കണ്ടാല്‍ പിറ്റേദിവസം സ്നാനം !!
വിശ്വസിച്ച് സ്നാനം സ്വീകരിക്കുക എന്ന, വചനത്തെ വാച്യാര്ത്ഥ്ത്തില്‍ മാത്രം സ്വീകരിക്കുന്നവര്‍ വിശ്വസിക്കുന്നവരോടുകൂടെ ഉണ്ടാകുമെന്നു യേശു പറഞ്ഞ അടയാളങ്ങള്‍ ഉണ്ടാകുന്നതുവരെ സ്നാനം നല്കാതെ കാത്തിരിക്കാറുണ്ടോ

(കടപ്പാട്)

Tuesday 8 September 2009

എന്റെ അമ്മ പരി. മറിയം




ന്ന് സെപ്റ്റംബര്‍ 8 'എന്റെ സ്വര്‍ഗ്ഗീയ അമ്മയുടെ ജന്മദിനം'

എനിയ്ക്ക് മൂന്നു അമ്മമാരുണ്ട്. 1) എനിയ്ക്ക് ഈ ഭൂമിയിലേയ്ക്ക് ജന്മം നല്‍കിയ അമ്മ 2) എനിയ്ക്ക് വീണ്ടും ജനനം നല്‍കിയ എന്റെ സഭാമാതാവ് 3) എന്റെ സ്വര്‍ഗ്ഗീയ അമ്മ (പരി. മറിയം)

പരി. മറിയം എങ്ങനെ എന്റെ അമ്മയായി? സ്വര്‍ഗ്ഗവും ഭൂമിയും ഉണ്ടാകട്ടെ എന്ന ഒരു വചനത്താല്‍ സൃഷ്ടിച്ചവന്‍ പറഞ്ഞു 'ഇതാ നിന്റെ അമ്മ' അവന്റെ വാക്കുകള്‍ക്ക് മാറ്റമില്ല. 'ആകാശവും ഭൂമിയും മാറും. പക്ഷേ അവന്റെ വചനങ്ങള്‍ക്ക് മാറ്റമില്ല.'(മത്തായി 24:35) അതുകൊണ്ട് പരി. മറിയം എന്റെ അമ്മയാണ്.

ഇനി വചന പ്രകാരം ഇതു ശരിയാണോ? പരി. മറിയത്തെ എന്റെ അമ്മയായി സ്വീകരിക്കാമോ?
പത്രോസിന്റെ ഒന്നാം ലേഖനത്തില്‍ ശ്ലീഹാ പറയുന്നു (3-6) 'സാറാ അബ്രാഹത്തെ നാഥാ എന്നു വിളിച്ചുകൊണ്ട് അനുസരിച്ചിരുന്നല്ലോ. നന്മ ചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യ്താല്‍ നിങ്ങള്‍ അവളുടെ മക്കളാകും.' ദമ്പതിമാരുടെ കടമകളെക്കുറിച്ചു പറയുമ്പോള്‍ പത്രോസ് ശ്ലീഹാ പറയുന്ന വചനമാണിത്. സാറായെപ്പോലെ വിശുദ്ധ ജീവിതം നയിക്കുന്ന സ്ത്രീകള്‍ അവളുടെ മക്കളാകുമെന്നാണ് ശ്ലീഹാ പറയുന്നത്.

അങ്ങനെയെങ്കില്‍ ഈശോയെ രക്ഷിതാവായ സ്വീകരിച്ച ഒരുവന്‍ തന്റെ അമ്മയായി പരി. മറിയത്തെ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്?
ആരാണ് പരി. മറിയം? ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യ്തവളാണ് പരി. മറിയം (ലൂക്കാ 8 : 21) ഇപ്രകാരം ജീവിക്കുന്നവര്‍ ഈശോയുടെ സഹോദരന്മാരാണ്? അങ്ങനെയുള്ളവരുടെ അമ്മയാണ് പരി. മറിയം.
വെളിപാട് പുസ്തകം 12 -ാം അദ്ധ്യായം 17-ാം വാക്യത്തില്‍ പറയുന്നു : 'അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പ്പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോട് യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു.'
ഈ വാക്യത്തില്‍ നിന്നും ഒരു കാര്യം വ്യക്തമാണ് : യേശുവിനു സാക്ഷ്യം വഹിക്കുന്നവര്‍ പരി. മറിയത്തിന്റെ മക്കളാണ് - പിശാചിനെ എതിര്‍ക്കുന്നവര്‍ അവളുടെ മക്കളാണ്. പിശാചുമായി സന്ധി ചെയ്യ്തവര്‍ അവളുടെ മക്കളല്ല.

Saturday 29 August 2009

മരിച്ചവരോട് പ്രാര്‍ത്ഥിക്കുന്നത് തെറ്റോ?

ഒരാളുടെ മരണശേഷം അന്ത്യവിധി വരെ മരിച്ചവര്‍ നിദ്രയിലാണെന്നും, അതുകൊണ്ട് മരിച്ചവരോട് പ്രാര്‍ത്ഥിക്കുന്നതു കൊണ്ടു പ്രയോജനമില്ലെന്നുമാണ് പെന്തക്കോസ്തുകാര്‍ വാദിക്കുന്നത്. ഇവരുടെ വാദം ശരിയെങ്കില്‍ പരി. മറിയത്തോടും, അപ്പസ്‌തോലന്മാരോടും, രക്തസാക്ഷികളോടുമൊന്നും പ്രാര്‍ത്ഥിക്കുന്നതിനു അടിസ്ഥാനമില്ല.

എന്നാല്‍ വി. ഗ്രന്ഥം മരിച്ചുപോയ വിശുദ്ധരെക്കുറിച്ച് വളരെ വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. പഴയനിയമ ഗ്രന്ഥത്തില്‍ ഹെനോക്കു ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. (ഉല്പ 5 : 24) ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നു 'വിശ്വാസം മൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട് പിന്നീട് അവന്‍ കാണപ്പെട്ടതുമില്ല.' (ഹെബ്രാ 11 : 5)

ഏലിയാ പ്രവാചകന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുന്ന സംഭവം 2 രാജാ 2 : 11 ല്‍ വിവരിക്കുന്നുണ്ട്. മോശയുടെ മരണശേഷം അദ്ദേഹത്തെ സംസ്‌ക്കരിക്കുന്നതായി നിയമാവര്‍ത്തനം 34 : 5-8 ല്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെടുന്നതായി പഴയനിയമഗ്രന്ഥത്തില്‍ ഒരിടത്തും കാണുന്നില്ല. എന്നാല്‍ യൂദാശ്ലീഹായുടെ ലേഖനത്തില്‍ മോശെയുടെ ശരീരത്തെച്ചൊല്ലി മിഖായേല്‍ മാലാഖയും, സാത്താനും തര്‍ക്കിക്കുന്നതായും മിഖായേല്‍ മാലാഖ മോശയുടെ ശരീരം ദൈവസന്നിധിയിലേയ്ക്ക് കൊണ്ടുപോകുന്നതായി പരാമര്‍ശിക്കുന്നുണ്ട്. (യൂദാ 1 : 9-10)

ലൂക്കായുടെ സുവിശേഷം 9 : 30 ല്‍ ഏലിയായും മോശയും ഈശോയുടെ രൂപാന്തരീകരണ വേളയില്‍ പ്രത്യക്ഷപ്പെടുന്നതായും ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട അവിടുത്തെ കടന്നുപോകലിനെക്കുറിച്ച് സംസാരിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈശോ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കുമെന്ന് (യോഹ 5 : 21) ല്‍ അരുളിച്ചെയ്തിട്ടുണ്ട്. 'പിതാവ് മരിച്ചവരെ എഴുന്നേല്‍പ്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെ തന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവന്‍ നല്‍കുന്നു.' വീണ്ടും യോഹ 6 : 51 ല്‍ അവിടുന്ന് പറയുന്നു 'സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും' ലൂക്കാ 20 : 37-38 ല്‍ ഈശോ പറയുന്നു 'മോശ പോലും മുള്‍പ്പടര്‍പ്പിങ്കല്‍ വെച്ചു കര്‍ത്താവിനെ അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്ന് കാണിച്ചുതന്നിട്ടുണ്ട്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേയ്ക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ'

മത്തായിയുടെ സുവിശേഷത്തില്‍ ഈശോയുടെ കുരിശുമരണ സമയത്ത് നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുദ്ധാനത്തിനു ശേഷം, അവര്‍ ശവകുടീരങ്ങളില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.' (മത്തായി 27 : 52-53)

എന്താണ് ഈ വചനങ്ങളിലൂടെ വ്യക്തമാകുന്നത് : നാം മരിച്ചുപോയവര്‍ എന്നു വിളിക്കുന്ന വിശുദ്ധര്‍ ദൈവസന്നിധിയില്‍ ജീവിച്ചിരിക്കുന്നുവെന്നല്ലേ?

ഇനി ഇവരോട് പ്രാര്‍ത്ഥിച്ചാല്‍ ഇവര്‍ കേള്‍ക്കുമോ? എന്ന ചോദ്യത്തിനുള്ള ഉത്തരത്തെക്കുറിച്ച് നോക്കാം.

(മത്തായി 27 : 52-53) ല്‍ ഉത്ഥാനം ചെയ്യ്തവര്‍ പലര്‍ക്കും പ്രത്യക്ഷപ്പെട്ടതായി പറയുന്നുണ്ട് 'നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുദ്ധാനത്തിനു ശേഷം, അവര്‍ ശവകുടീരങ്ങളില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു.'

ലൂക്കായുടെ സുവിശേഷത്തില്‍ ഈശോ പുനരുത്ഥാനം ചെയ്യ്തവരുടെ പ്രത്യേകത എന്താണെന്ന് വ്യക്തമാക്കുന്നുണ്ട് 'പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്' (ലൂക്കാ 20 : 36)

ലൂക്കായുടെ സുവിശേഷം 9 : 30 ല്‍ ഏലിയായും മോശയും ഈശോയുടെ രൂപാന്തരീകരണ വേളയില്‍ പ്രത്യക്ഷപ്പെടുന്നതായും ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട അവിടുത്തെ കടന്നുപോകലിനെക്കുറിച്ച് സംസാരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

1 സാമുവല്‍ 28 : 3-19 ല്‍ സാവൂള്‍ മരിച്ചുപോയ സാമുവേല്‍ പ്രവാചകനെ ഒരു മന്ത്രവാദിനിയുടെ സഹായത്താല്‍ വിളിച്ചുവരുത്തുന്നതായും, അദ്ദേഹവുമായി സംസാരിക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദുര്‍മന്ത്രവാദിനിയ്ക്കും, സാവൂളിനും ദൈവസന്നിധിയിലായിരിക്കുന്ന സാമുവേല്‍ പ്രവാചകനോട് സംസാരിക്കാമെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന വിശുദ്ധര്‍ കേള്‍ക്കുകയില്ലായെന്ന് എങ്ങനെ പറയാനാവും.

ജറെമിയാ പ്രവാചകന്റെ പുസ്തകം 15 : 1 ല്‍ പറയുന്നു 'കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു : മോശയും സാമുവലും എന്റെ മുമ്പില്‍ നിന്നു യാചിച്ചാല്‍ പോലും ഈ ജനത്തിന്റെ നേര്‍ക്കു ഞാന്‍ കരുണ കാണിക്കുകയില്ല. എന്റെ മുമ്പില്‍ നിന്നു അവരെ പറഞ്ഞയയ്ക്കുക; അവര്‍ പോകട്ടെ.'

മോശയ്ക്കും, സാമുവലിനും ദൈവസന്നിധിയില്‍ യാചിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അവര്‍ ഇപ്രകാരം ചെയ്യാറുണ്ടെന്നുമല്ലേ ഈ വചനത്തില്‍ നിന്നും വ്യക്തമാകുന്നത്.

ഈ സംഭവങ്ങളില്‍ നിന്നും എന്താണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്?1) മരിച്ചുപോയ വിശുദ്ധര്‍ ദൈവസന്നിധിയില്‍ ജീവിക്കുന്നു.2) അവര്‍ക്ക് മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കും3) അവര്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി സംസാരിക്കാന്‍ സാധിക്കും4) അവര്‍ക്ക് ദൈവസന്നിധിയില്‍ നമ്മുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കാന്‍ സാധിക്കും

മഹിമയണിഞ്ഞ വിശുദ്ധര്‍ ഇപ്പോഴും നിദ്രയിലാണെന്നു പറയുകയും, അവരോട് പ്രാര്‍ത്ഥിച്ചിട്ടു പ്രയോജനമില്ലെന്നു വാദിയ്ക്കുകയും ചെയ്യുന്നവരെക്കുറിച്ച് വി. ഗ്രന്ഥം വ്യക്തമായ മുന്നറിയിപ്പു തരുന്നുണ്ട് യൂദാശ്ലീഹായുടെ ലേഖനത്തില്‍ ശ്ലീഹാ പറയുന്നു 'സ്വപ്‌നങ്ങളില്‍ നിമഗ്നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു' (യൂദാ 1 : 8)




Tuesday 25 August 2009

മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് തെറ്റോ? (ഭാഗം 2)


മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു വാദമാണ് ബൈബിളില്‍ എവിടെയും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നുള്ളത്. ഈ വാദം ഉന്നയിക്കുന്നവര്‍ വി. ഗ്രന്ഥം ശരിയായി വായിച്ചിട്ടില്ലെന്നുവേണം മനസ്സിലാക്കുവാന്‍.

അപ്പസ്‌തോല പ്രവര്‍ത്തനം 9 (36-41) ല്‍ പത്രോസ് ശ്ലീഹാ തബിത്താ എന്ന സ്ത്രീയെ ഉയര്‍പ്പിക്കുന്ന സംഭവം വിവരിക്കുന്നുണ്ട്. ''യോപ്പായില്‍ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാന്‍പേട എന്നാണ് അര്‍ഥം. സത്കൃത്യങ്ങളിലും ദാനധര്‍മങ്ങളിലും അവള്‍ സമ്പന്നയായിരുന്നു. ആയിടെ അവള്‍ രോഗം പിടിപെട്ടു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു മുകളിലത്തെനിലയില്‍ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്. പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യന്‍മാര്‍ രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു. സ്ഥലത്തെത്തിയപ്പോള്‍ അവനെ മുകളിലത്തെനിലയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവള്‍ ജീവിച്ചിരുന്നപ്പോള്‍ നിര്‍മിച്ചവസ്ത്രങ്ങളും മേലങ്കികളും അവര്‍ അവനെ കാണിച്ചു. പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാര്‍ഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേല്‍ക്കൂ. അവള്‍ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. അവന്‍ അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏല്‍പിച്ചു.'' നടപടി (9:36-41)

ഇവിടെ പത്രോസ് ശ്ലീഹാ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതായി തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. എന്താണ് അദ്ദേഹം പ്രാര്‍ത്ഥിച്ചതെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹം മൃതശരീരത്തിന്റെ സമീപം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതായി വ്യക്തമാക്കുന്നുണ്ട്. അതു തീര്‍ച്ചയായും തബീത്തയെ ഉയിര്‍പ്പിക്കുന്നതിനു വേണ്ടിയായിരുന്നൂവെന്ന് വ്യക്തം. നാം മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു അവരുടെ പുനരുത്ഥാനത്തിനുവേണ്ടിയും, അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുന്നതിനു വേണ്ടിയുമാണ്.

രാജാക്കന്മാരുടെ പുസ്തകത്തില്‍ ഏലിയാ പ്രവാചകന്‍ സറേഫാത്തിലെ വിധവയുടെ മകന്‍ മരിച്ചപ്പോള്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ''ആ ഗൃഹനായികയുടെ മകന്‍ ഒരുദിവസം രോഗബാധിതനായി; രോഗം മൂര്‍ഛിച്ച് ശ്വാസം നിലച്ചു. അവള്‍ ഏലിയായോടു പറഞ്ഞു: ദൈവപുരുഷാ, എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത്? എന്റെ പാപങ്ങള്‍ അനുസ്മരിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമാണോ അങ്ങ് ഇവിടെ വന്നത്? ഏലിയാ പ്രതിവചിച്ചു: നിന്റെ മകനെ ഇങ്ങു തരുക. അവനെ അവളുടെ മടിയില്‍നിന്നെടുത്ത് ഏലിയാ താന്‍ പാര്‍ക്കുന്ന മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി. അനന്തരം, അവന്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, എനിക്ക് ഇടം തന്നവളാണ് ഈ വിധവ. അവളുടെ മകന്റെ ജീവന്‍ എടുത്തുകൊണ്ട് അവിടുന്ന് അവളെ പീഡിപ്പിക്കുകയാണോ? പിന്നീട് അവന്‍ ബാലന്റെ മേല്‍ മൂന്നുപ്രാവശ്യം കിടന്ന്, കര്‍ത്താവിനോടപേക്ഷിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, ഇവന്റെ ജീവന്‍ തിരികെക്കൊടുക്കണമേ! കര്‍ത്താവ് ഏലിയായുടെ അപേക്ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു. ഏലിയാ ബാലനെ മുകളിലത്തെ മുറിയില്‍നിന്നു താഴെ കൊണ്ടുവന്ന് അമ്മയെ ഏല്‍പിച്ചുകൊണ്ട് ഇതാ നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞു'' (1 രാജാ 17: 17-23)
ഈ രണ്ടു സംഭവങ്ങളിലും മരിച്ചുപോയ വ്യക്തികള്‍ക്കുവേണ്ടി കര്‍ത്താവിന്റെ പ്രിയപ്പെട്ടവര്‍ പ്രാര്‍ത്ഥിക്കുകയും, അവര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുകയും ചെയ്യ്തു. മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ട് ഒരു കാര്യവുമില്ലാ എന്ന പെന്തക്കോസ്തുകാരുടെ വാദമാണ് സത്യമെങ്കില്‍ ഇവര്‍ മരിച്ചുപോയവര്‍ക്കുവേണ്്ടി പ്രാര്‍ത്ഥിക്കുകയോ അഥവാ പ്രാര്‍ത്ഥിച്ചാല്‍തന്നെ അവര്‍ ജീവന്‍ പ്രാപിക്കുകയോ ചെയ്യുകയില്ലായിരുന്നു. പക്ഷേ ദൈവം മരിച്ചവര്‍ക്കുവേണ്്ടിയുള്ള പ്രാര്‍ത്ഥന സ്വീകരിക്കുകയും അവരെ ജീവിപ്പിക്കുകയും ചെയ്യ്തു.

ഈശോ ലാസറിനെ ഉയര്‍പ്പിച്ചത് ലാസര്‍ സംസ്‌ക്കരിക്കപ്പെട്ടതിന്റെ നാലാം ദിവസമാണ്. ലാസറിന്റെ കല്ലറയ്ക്ക് മുമ്പില്‍ യേശു പ്രാര്‍ത്ഥിക്കുന്നതായി വി. യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (യോഹ 11 : 451-42) ഇവിടെ യേശു പ്രാര്‍ത്ഥിക്കുന്നത് ലാസറിന്റെ ഉയിര്‍പ്പിനുവേണ്ടിയാണ്. നാമും നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി അവരുടെ കല്ലറയ്ക്കു മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് അവരുടെ പുനരുത്ഥാനത്തിനുവേണ്ടിയും, അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുന്നതിനു വേണ്ടിയാണ്. ഇതു തെറ്റാണെന്നു പറയുന്നവര്‍ ക്രിസ്തുവിന്റെ ശിഷ്യന്മാരായി വ്യാജവേഷം കെട്ടിയവരാണെന്ന് ഉറപ്പാണ്.

മരിച്ചവര്‍ ദൈവത്തിന്റെ മുമ്പില്‍ ജീവിച്ചിരിക്കുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഈശോ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ''മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട് അരുളിച്ചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്. അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.'' (മര്‍ക്കോ 12 : 26-27) ദൈവതിരുസന്നിധിയില്‍ ജീവിച്ചിരിക്കുന്ന മരിച്ചവര്‍ക്കുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്.
മരിച്ചവര്‍ക്കുവേണ്ടി സ്‌നാനം സ്വീകരിക്കുന്നതിനെപ്പറ്റി പൗലോസ് ശ്ലീഹാ 1 കോറി 15: 29-30 ല്‍ പരാമര്‍ശിക്കുന്നുണ്ട്. മരിച്ചവര്‍ക്കുവേണ്ടി സ്‌നാനം ഏല്ക്കാം, പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നു പറയുന്നത് എത്രവലിയ വിഢിത്തമാണ്!.

Wednesday 18 March 2009

കത്തോലിക്കര്‍ വിഗ്രഹരാധകരോ?



ദേവാലയങ്ങളിലും ഭവനങ്ങളിലും ഈശോയുടെയും വിശുദ്ധരുടെയും രൂപങ്ങളും, ചിത്രങ്ങളും ഉള്ളതിനാല്‍ കത്തോലിക്കര്‍ വിഗ്രഹാരാധകരാണെന്നാണ്‌ ചിലരുടെ വാദം.


"ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്‌. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്‌. അവയ്‌ക്കു മുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍ ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌" (പുറ 20 : 3-5) ഈ വചനം ഉദ്ധരിച്ചുകൊണ്ടാണ്‌ കത്തോലിക്കര്‍ വിഗ്രഹാരാധകരാണെന്നു ഇവര്‍ വാദിക്കുന്നത്‌. ഈ വചനമനുസരിച്ചാണെങ്കില്‍ യാതൊന്നിന്റെയും പ്രതിമയോ രൂപമോ ചിത്രമോ ഉണ്ടാക്കാന്‍ പാടില്ല.


വചനം മാത്രം കണക്കിലെടുത്തു കത്തോലിക്കര്‍ വിഗ്രഹാരാധകരാണെന്നു പറയുന്നവര്‍ വി. ഗ്രന്ഥം വായിച്ചിട്ടില്ലാത്തവരാണെന്നു വ്യക്തമാണ്‌. കാരണം വി. ഗ്രന്ഥത്തില്‍ മറ്റു പല ഭാഗങ്ങളിലും രൂപങ്ങളും, ശില്‌പങ്ങളും ഉണ്ടാക്കാന്‍ ദൈവം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. ദൈവം മോശയോടു കല്‌പിച്ചു "ശുദ്ധി ചെയ്യ്‌ത സ്വര്‍ണ്ണം കൊണ്ട്‌ ഒരു കൃപാസനം നിര്‍മ്മിക്കണം. അതിന്റെ നീളം രണ്ടര മുഴവും, വീതി ഒന്നര മുഴവും ആയിരിക്കണം. കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചുപരത്തിയ സ്വര്‍ണ്ണം കൊണ്ട്‌ രണ്ട്‌ കെരൂബുകളെ നിര്‍മ്മിക്കണം" (പുറ 25 : 17-18) "കൃപാസനത്തിനു മുകളില്‍ നിന്നു, സാക്ഷ്യപേടകത്തിനു മീതെയുള്ള കെരൂബുകളുടെ നടുവില്‍ നിന്നു ഞാന്‍ നിന്നോടു സംസാരിക്കും." (പുറ 25 : 22)


വിഗ്രഹങ്ങളുടെ നടുവില്‍ നിന്നു ദൈവത്തിനു മോശയോടു സംസാരിക്കാം. അങ്ങനെയെങ്കില്‍ രൂപങ്ങളുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ ദൈവം വസിക്കുകയില്ലെന്നുള്ള വാദം എത്രയോ വലിയ വിഢിത്തമാണ്‌. "കര്‍ത്താവ്‌ മോശയോടു അരുളിച്ചെയ്‌തു : ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‌ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല." (സംഖ്യ 21 : 8) ജറുസലേം ദേവാലയം നിര്‍മ്മിക്കുമ്പോള്‍ വിവിധ തരത്തിലുള്ള രൂപങ്ങള്‍ നിര്‍മ്മിച്ച്‌ ദേവാലയത്തില്‍ സ്ഥാപിക്കുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. "അവന്‍ കെരൂബുകളെ സ്വര്‍ണ്ണം കൊണ്ട്‌ പൊതിഞ്ഞു. അകത്തും പുറത്തുമുള്ള മുറികളുടെ ഭിത്തികളില്‍ കെരൂബുകളും, ഈന്തപ്പനകളും, വിടര്‍ന്ന പുഷ്‌പങ്ങളും കൊത്തിവെച്ചിരുന്നു." (1 രാജാ 6 : 29-30) "പന്ത്രണ്ട്‌ കാളകളുടെ പുറത്താണ്‌ ജലസംഭരണി സ്ഥാപിച്ചിരുന്നത്‌. അവയില്‍ മുമ്മൂന്നെണ്ണം വടക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും, കിഴക്കോട്ടും തിരിഞ്ഞു നിന്നു. (1 രാജാ 7 : 25) "പലകകളില്‍ സിംഹം, കാള, കെരൂബ്‌ എന്നിവയുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. ചട്ടത്തില്‍ താഴെയും, മുകളിലും സിംഹം, കാള, പുഷ്‌പം എന്നിവ കൊത്തിവെച്ചു. (1 രാജാ 7 : 29)

ഇങ്ങനെ നിരവധി വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന ജറുസലേം ദേവാലയത്തില്‍ ദൈവം വസിച്ചിരുന്നു. ഈശോയും ശിഷ്യന്മാരും ജറുസലേം ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയിരുന്നതായും വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.


ഒരു വിഗ്രഹവും ഉണ്ടാക്കരുതെന്ന്‌ കല്‌പിച്ച ദൈവം തന്നെ വിഗ്രഹങ്ങള്‍ ഉണ്ടാക്കാനും ആവശ്യപ്പെട്ടുവെങ്കില്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നതോ സ്ഥാപിക്കുന്നതോ അല്ല, മറിച്ച്‌ അവയെ ആരാധിക്കുന്നതാണ്‌ തെറ്റ്‌, ഇസ്രായേല്‍ ജനം സ്വര്‍ണ്ണം കൊണ്ട്‌ കാളക്കുട്ടിയെ നിര്‍മ്മിച്ച്‌ അവയെ ആരാധിച്ചപ്പോള്‍ ദൈവം കോപിച്ചു. (പുറ 32) എന്നാല്‍ ജറുസലേം ദേവാലയത്തില്‍ പന്ത്രണ്ട്‌ കാളകളെ നിര്‍മ്മിച്ച്‌ സ്ഥാപിച്ചതിനെ ദൈവം എതിര്‍ക്കുന്നില്ല.


കത്തോലിക്കര്‍ ഈശോയുടെയും വിശുദ്ധരുടെയും രൂപങ്ങള്‍ സ്ഥാപിക്കുന്നത്‌ അവയെ ആരാധിക്കാനല്ല, മറിച്ച്‌ അവ ചില സൂചകങ്ങളാണ്‌. ക്രൂശിതനായ ഈശോയുടെ രൂപം, അവിടുന്ന്‌ നമ്മുക്കുവേണ്ടിയാണ്‌ ക്രൂശില്‍ മരിച്ചതെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈശോയുടെ കുരിശുമരണത്തെക്കുറിച്ച്‌ എത്രയധികം വായിച്ചാലും, കേട്ടാലും മനസ്സിലാകാത്ത കാര്യങ്ങള്‍ ക്രൂശിതരൂപം കാണുമ്പോള്‍ മനസ്സിലാകും.


ഉദാഹരണത്തിന്‌ കുരിശുണ്ടാക്കുന്നത്‌ ദൈവകല്‌പനയ്‌ക്ക്‌ ലംഘനമാണെന്ന്‌ കരുതി ക്രിസ്‌ത്യാനികളാരും കുരിശുണ്ടാക്കുന്നില്ലെന്നു വിചാരിക്കുക. ഭാരതത്തിലാരെയും കുരിശില്‍ തറച്ച്‌ കൊല്ലാറില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ കുരിശു കണ്ടിട്ടുമില്ല, അങ്ങനെയുള്ള ഒരു ജനതയോട്‌ ഈശോ കുരിശില്‍ മരിച്ചെന്നു പറഞ്ഞാല്‍ ആ മരണത്തിന്റെ തീവ്രത എങ്ങനെയവര്‍ മനസ്സിലാക്കും.


പെന്തക്കോസ്‌തുകാര്‍ കുരിശെന്താണെന്നു മനസ്സിലാക്കിയതുതന്നെ നമ്മുടെ ഭവനങ്ങളിലും, ദേവാലയങ്ങളിലും ഉള്ള കുരിശു കണ്ടിട്ടല്ലേ? അപ്പന്റെ ഫോട്ടോ കാണുന്ന മകന്‍ ഫോട്ടോയെ നോക്കി ഇതെന്റെ അപ്പനാണെന്ന്‌ പറയും, അപ്പനോടുള്ള സ്‌നേഹത്തിന്റെ പ്രകടനമായി ചിലപ്പോള്‍ ഫോട്ടോയില്‍ ഉമ്മ വെച്ചെന്നും വരും. അതുകൊണ്ട്‌ ആ ഫോട്ടോ അവന്റെ അപ്പനാണെന്ന്‌ ആരെങ്കിലും പറയുമോ? ഫോട്ടോ കാണുമ്പോള്‍ അവന്‍ തന്റെ അപ്പനെ ഓര്‍ക്കുന്നു. അപ്പനോടുള്ള സ്‌നേഹത്തിന്റെ അടയാളമായി ഫോട്ടോയ്‌ക്ക്‌ ഉമ്മ നല്‍കുന്നു. ഇതുപോലെ ഒരു വിശുദ്ധന്റെ രൂപം കാണുമ്പോള്‍ നാം ഓര്‍ക്കുന്നത്‌ ആ വിശുദ്ധനെയാണ്‌.


വി. പൗലോസ്‌ പറയുന്നു "വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏക ദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം." (1 കോറി 8 : 4) ഈ സത്യം കത്തോലിക്കര്‍ക്കറിയാവുന്നതുകൊണ്ട്‌ ഈശോയുടെ അല്ലെങ്കില്‍ വിശുദ്ധരുടെ രൂപത്തിനു മുമ്പില്‍ നില്‌ക്കുമ്പോള്‍ നാം അനുസ്‌മരിക്കുന്നത്‌ ആ രൂപം പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെയാണ്‌. അല്ലാതെ ആ രൂപത്തിനു പ്രത്യേകിച്ച്‌ എന്തെങ്കിലും ശക്തിയുണ്ടെന്നോ, ആ രൂപത്തില്‍ നിന്നും ശക്തിയൊഴുകി തന്നെ രക്ഷിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടല്ല. പൗലോസ്‌ ശ്ലീഹാ തുടര്‍ന്ന്‌ പറയുന്നു : "എങ്കിലും ഈ അറിവ്‌ എല്ലാവര്‍ക്കുമില്ല, ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട്‌ ജീവിച്ച ചിലര്‍ ഭക്ഷിക്കുന്നത്‌ വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്‌. അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍ അതു മലിനമായി തീരുന്നു." (1 കോറി 8 : 7)


പൗലോസ്‌ ശ്ലീഹാ സൂചിപ്പിച്ചതുപോലെയുള്ളവര്‍ക്കാണ്‌ കത്തോലിക്കര്‍ വിഗ്രഹാരാധകരാണെന്ന്‌ തോന്നുന്നത്‌. അവരുടെ മനോഭാവം വിഗ്രഹാരാധകരുടേതായതുകൊണ്ടും, മനസ്സാക്ഷി ദുര്‍ബലമായതുകൊണ്ടും എവിടെ ശില്‌പങ്ങള്‍ കണ്ടാലും അതു ആരാധിക്കാനുള്ളതാണെന്നു അവര്‍ തെറ്റിദ്ധരിക്കും.ഈശോയുടെ ചിത്രം കാണുമ്പോള്‍ വിഗ്രഹാരാധന ഓര്‍മ്മ വരുന്ന ഇവര്‍ക്ക്‌ എന്തുകൊണ്ടാണ്‌ ഗാന്ധിജിയുടെ ചിത്രം ഉള്ള രൂപയോട്‌ 'അലര്‍ജി' ഇല്ലാത്തത്‌. രൂപാ ഭദ്രമായി പോക്കറ്റില്‍ ഇട്ടുകൊണ്ടു നടക്കുന്നതിനും, സ്‌തോത്രക്കാഴ്‌ച്ച, ദശാംശം എന്നീ പേരുകളില്‍ ഗാന്ധിയുടെ രൂപം അച്ചടിച്ചുവെച്ച കറന്‍സി നോട്ട്‌ വാങ്ങുവാനും യാതൊരു വൈമനസ്യവും ഇത്തരക്കാര്‍ കാട്ടാറില്ലല്ലോ?


യഥാര്‍ത്ഥത്തില്‍ എന്താണ്‌ വിഗ്രഹാരാധന? "നിന്റെ ദൈവമായ കര്‍ത്താവ്‌ ഞാനാണ്‌, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടായിരിക്കരുത്‌'" എന്ന കല്‌പനയുടെ ലംഘനമാണ്‌ വിഗ്രഹാരാധന. ദൈവത്തെക്കാളുപരിയോ, ദൈവത്തിനു തുല്യമായോ ഏതെങ്കിലും വ്യക്തിയെയോ, വസ്‌തുവിനെയോ ഹൃദയത്തില്‍ പ്രതിഷ്‌ഠിക്കുമ്പോള്‍ അതു വിഗ്രഹാരാധനയാണ്‌. അതുകൊണ്ടാണ്‌ പൗലോസ്‌ ശ്ലീഹാ പറയുന്നത്‌ "നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം അസന്മാര്‍ഗികത, അശുദ്ധി, മനക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം നശിപ്പിക്കുവിന്‍." (കൊളോ 3 :5) ഇവിടെ ശ്ലീഹാ സൂചിപ്പിക്കുന്നത്‌ പണത്തിനോടും സമ്പത്തിനോടുമുള്ള ആസക്തി വിഗ്രഹാരാധനയാണെന്നാണ്‌.


എന്നാല്‍ ചിലര്‍ക്ക്‌ കത്തോലിക്കാ ദേവാലയങ്ങളിലെ ആരാധന മാത്രമാണ്‌ വിഗ്രഹാരാധന. കാരണം ദ്രവ്യാസക്തി വിഗ്രഹാരാധനയാണെന്നു വിശ്വാസികള്‍ക്ക്‌ മനസ്സിലായാല്‍ അവരുടെ പാസ്റ്റര്‍മാര്‍ വിഗ്രഹാരാധകരാണെന്നുള്ള സത്യം അവര്‍ മനസ്സിലാക്കും.